ഹാര്‍ഡ് വേര്‍ എഞ്ചിനീറായിരുന്ന അവന്റെ ഹാര്‍ഡ് ഡിസ്കില്‍ കഴക്കൂട്ടത്ത് ഉള്ള സോഫ്റ്റ് വേര്‍ എഞ്ചിനീറായ ജെന്നിയുടെ , സോഫ്റ്റായ മനസ്സു കുടുങ്ങിയത് സത്യം പറഞ്ഞാല്‍ കല്യാണ നിശ്ചയം കഴിഞ്ഞേ ഞാനറിഞ്ഞുള്ളൂ . കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി , പാട്ടു സീനും കഴിഞ്ഞു കുട്ടി ഒന്നായി ഒരു സുന്ദരകുട്ടപ്പന്‍ . അവളും അതായത് കൂട്ടുകാരന്റെ ഭാര്യയും അമ്മായിഅമ്മയും മോനും കൂടി ഇന്നു ഗരീബ് രഥത്തില്‍ കോഴിക്കോട്ടങ്ങാടിയില്‍ വന്നിറങ്ങുന്നു സ്വീകരിക്കാന്‍ ചെല്ലാനാണ് എന്നെയീ കിടന്നു വിളിക്കുന്നത് . ഏതായലും ഉച്ചയുറക്കം നടക്കില്ല പോയേക്കാമെന്നു കരുതി , അവന്റെ അളിയന്‍ കൊണ്ടു വന്ന സ്കോച്ചില്‍ ബാക്കി വല്ലതും തന്നാലോ?
രജീഷിന്റെ ആള്‍ട്ടോവില്‍ ഇറങ്ങുമ്പോള്‍ വൈകുന്നേരത്തെ തുലാവര്‍ഷ പരിപാടികള്‍ തുടങ്ങിയിരുന്നു. ഇടിയും ചാറ്റല്‍ മഴയും കഴിഞ്ഞ് എത്തുമ്പോള്‍ രഥത്തില്‍ നിന്നിറങ്ങി അവരിരുവരും കൂടെ കുഞ്ഞും ഭൂമിയില്‍ നില്‍പ്പുണ്ടായിരുന്നു.
തിരിച്ചുള്ള യാത്രയില്‍ തിര്വാന്ദോരോം കോയിക്കോടു തമ്മിലുള്ള ഫാഷാ പ്രതിസന്ധിയായിരുന്നു ചര്‍ച്ചാവിഷയം. അങ്ങിനെ രജീഷിന്റെ വീട്ടില്‍ റ്റൈക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ ക്രിത്യം പവര്‍ കട്ട് ,എമെര്‍ജെന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ടാഴ്ച സ്റ്റോക്കായ കൊഞ്ചിക്കല്‍ ആദ്യം രജീഷിന്റെ അമ്മയാണ് തുടങ്ങിയത് ,, ശേഷം ആ ഏഴു മാസക്കാരനെ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛ്നു കൈമാറി.ഈ സമയമത്രയും നമ്മുടെ സുന്ദര കുട്ടപ്പന്റെ ശ്രദ്ദ്ധ മുഴുവന്‍ എമെര്‍ജെന്‍സിക്കു ചുറ്റും നില്‍ക്കുന്ന മഴപ്പാറ്റകളിലും(ഈയല്‍) ചെറു പ്രാണികളിലുമായിരുന്നു,അച്ഛന്റെ മുഖത്തു നോക്കൂന്നേയില്ല.
ഒരക്ഷരം മിണ്ടാതെ (ഇവരുടെ വടക്കന്‍ കൊഞ്ചിക്കല്‍ മനസ്സിലാവതെയാണ് മിണ്ടാത്തതെന്ന് എനിക്കും രജീഷിനുമറിയാം) നിന്ന തിര്വാന്തോരം മതറിന്‍ലോ എന്തോ കണ്ടു പിടുത്തം നടത്തിയതു പോലെ ഉച്ചത്തിലങ്ങു കാറി “ദോ അവനാ പക്കീലാ നൊക്കുന്നേ ....ദേ ആ കറുത്ത പക്കിയെ തന്നെ . ദാ നോക്ക്മോനേ നല്ല രസം തന്നേ ആ പക്കീനെ കാണാന്‍ ........ മോന് ആ പക്കിയെ പിടിക്കണോ? അമ്മമ്മ പിടിച്ചു തരട്ടെ.”
ഇതു പറഞ്ഞു തീരുന്ന സമയം തന്നെ നമ്മുടെ രാജന്‍ മാഷ് അതായത് രജീഷിന്റെ പിതാശ്രീ അച്ഛന്‍ ഉടുത്തിരുന്ന കാവി മുണ്ട് നേരയാക്കി കൊണ്ട് ചാടി എഴുനേല്‍ക്കുന്നതും , ഏറ്റവും നിയറസ്റ്റായി നില്‍ക്കുന്ന എന്റെ അടുത്തേക്ക് കുട്ടിയെ ഏല്പിച്ചതും വളരെ പെട്ടന്നായിരുന്നു. നന്നായി പാവം രജീഷിന്റെ അമ്മ ചായയിടാന്‍ പോയത് ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിച്ചേനെ.ആ തുലാവര്‍ഷ രാത്രിയിലും രാജന്‍ മാഷ് വിയര്‍ത്തിറങ്ങുന്നത് എമെര്‍ജെന്‍സിയുടെ നേര്‍ത്ത വെട്ടത്തില്‍ കാണാമായിരുന്നു .ഇപ്പോഴും ചിലര്‍ക്ക് കത്തിയിട്ടുണ്ടാവില്ല അല്ലേ? ഞങ്ങ്ടെ നാട്ടില്‍ പക്കി എന്നു പറഞ്ഞാല്‍........................................അല്ലെ വേണ്ട പിന്നൊരിക്കല്‍ പറയാം.നിര്‍ബന്ധമാണെങ്കില്‍ കുറ്റ്യാടിക്കാരന്‍ ഒരു ഡിക്ഷണറി ഉണ്ടാക്കിയിട്ടുണ്ട് ചിലപ്പോള്‍ അതില്‍ കാണുമായിരിക്കും, ഇല്ലെങ്കില്‍ ഒന്നു ആഡ് ചെയ്യുവാന്‍ പറഞ്ഞേക്ക്(കുറ്റ്യാടിക്കാരാ തമാശയയാണേ ബുദ്ധിമുട്ടില്ലെങ്ക്ലില്‍ ചെയ്താല്‍ മതി) അല്ലെങ്കില്‍ എന്റെ ഒരു നാട്ടുകാരനുണ്ട് ഇതില്‍ തന്നെ ശ്രുതസോമ അവനും പറഞ്ഞു തരും സത്യമായിട്ടും.