Sunday, March 29, 2009

വെട്ടിൽ പീടികയിലെ മാഷന്മാർ

വെട്ടിൽ പീടികയിൽ ഇപ്പോൾ ചൊവ്വാ പുഴയിൽ നിന്നും പിടിക്കുന്ന പുഴമീൻ കുറവാണെങ്കിലും മാഷന്മാർക്ക്‌ ഒരു കുറവുമില്ല,എൽ.ഐ.സി നടത്തുന്ന കരീം മാഷും,ഐ.സി.ഐ.സി. എജന്റ്‌ മാഷ്‌ ശശാങ്കനും,സിമന്റ്‌ കട്ട വിത്ത്‌ ഇന്റർ ലോക്ക്‌ കചവടം നടത്തുന്ന മധു മാഷും ,പുഴ നികത്തി വീടെടുത്ത പുഴ സംരക്ഷണ സമിതി സിക്രട്ടറി മൂസ മാഷും,ഡിവിഷൻ തികക്കാൻ തോണിയിൽ നിറഞ്ഞൊഴുകുന്ന ചൊവ്വാ പുഴയിൽ കൂടി കുട്ടികളെ കൊണ്ട്‌ വന്ന് ജോലി സ്ഥിരത വന്നപ്പോൾ തന്റെ കുട്ടികളെ ഇഗ്ലീഷ്‌ മീഡിയത്തിൽ ഉപവിഷ്ഠനാക്കിയ അരവിന്ദൻ മാഷും.ആർ.എം.പി,ആംവെ,പൊട്ടിയ മറ്റനേകം നെറ്റ് വർക്ക് കണ്ണി മാഷന്മാരും നിറഞ്ഞ വെട്ടിൽ പീടിക ഇന്ന് മാഷന്മാരുടെ കാര്യത്തിൽ സ്വയം പര്യാപ്തമാണ്‌.

താഴെ പറമ്പത്ത്‌ നരേന്ദ്രൻ എന്ന എന്റെ ഗുരുനാഥനും കൂടിയായ നരേന്ദ്രൻ മാഷ്‌ എന്നാൽ വെട്ടിൽ പീടികയിലെ ജനങ്ങളുടെ ഇടയിൽ ഗജപോക്കിരി, വകക്കു കൊള്ളാത്ത ഒരു മാഷ് , കള്ളുകുടിയൻ എന്നീ പട്ടങ്ങൾ അലങ്കരിക്കുന്നു .പക്ഷെ എനിക്കും സന്തത സഹചാരിയായ സുഹൃത്തിനും നരേന്ദ്രൻ മാഷ്‌ വളരെ പ്രിയപ്പെട്ട മാഷ്‌ ആയിരുന്നു ,പുരാണത്തിലും കവിതയിലും ഇൻഗ്ലീഷിലും, കൂടാതെ ക്ലാസിൽ കാല്പനികതയുടെ വാങ്മയചിത്രങ്ങൾ വിരിയിച്ചുകൊണ്ടിരുന്ന മാഷ്‌ എനിക്കും സുഹൃത്തിനും ഒരു അൽഭുതമായിരുന്നു.ഹനുമാൻ ബാലന്റെ വാറ്റടിച്ചാൽ മാഷ്‌ പുരാണങ്ങളുടെയും മിത്തുകളുടെയും ചരിത്രത്തിന്റെയും വിളനിലമായിരുന്നു.നാലാം ക്ലാസിൽ "മലരിണിക്കാടുകൾ തിങ്ങിവിങ്ങി മരതക കാന്തിയിയിൽ മുങ്ങി മുങ്ങി" എന്ന കവിത ചൊല്ലി കവിയെയും രമണെനേയും ചന്ദ്രികയും,ഇടപ്പള്ളിയെയും കുറിച്ച്‌ വാചാലനായ നരേന്ദ്രൻ മാഷിൽ നിന്നാൺ ഞാനും സുഹൃത്തും പ്രണയത്തിന്റെ തരിപ്പ് അറിയുന്നത്‌ , പറമ്പത്ത്‌ കണാരൻ ആടിനെ തീറ്റിക്കുന്ന പാറപ്പുറം ,രജീഷിനു രമണൻ ആടു മേക്കുന്ന കുന്നിൻ ചെരിവായും ,തൂണൂറക്കുന്ന് നാരാണത്ത്‌ ഭ്രാന്തൻ കല്ലുരുട്ടുന്ന കുന്നായി എനിക്കു തോന്നിച്ചതും നരേന്ദ്രന്മാഷ്‌ തന്നെ .എന്നാൽ പരിഷത്ത് മെമ്പറായി, കവിത പാടി,ആളുകളുടെ ഇടയിൽ നിന്ന് അരിയറിന്റെയും,ഡി.എ.ഗഡുവിന്റെയും കാര്യം വായിട്ടലക്കുന്ന മാഷൻ മാർക്കും, തങ്ങളുടെ ബോധനസിദ്ധി കൊണ്ടും അപാരമായ കഴിവുകൊണ്ടും സ്കൂളിലെ ഡിവിഷൻ കുറച്ച് സർക്കാറിന്റെ കാരുണ്യത്താൽ എസ്സ് .എസ്സ് .എ. യിൽ കയറി മാഷൻ മാരെ ബോധവാന്മാരാക്കുന്നതിൽ നിർവ്വൃതി കൊള്ളുന്ന ചില അവസര പക്ഷ മാഷന്മാർക്ക്‌ നാരേന്ദ്രൻ മാഷ്‌ കുലംകുത്തിയാണെങ്കിലുംജന്മനാ ഇടതുപക്ഷക്കാരെങ്കിലുംകുറച്ചു ചിന്തിക്കുന്ന കൂട്ടത്തിൽ പെടുന്നു എന്നു സ്വയം കരുതുന്ന ഞാനും രജീഷും മാഷുടെ പക്ഷത്തു തന്നെ.നമ്മുടെ കോഴിക്കോട്ടുകാരനായ, തെങ്ങു കയറ്റ കോളേജ് ,വിരൂപ റാണി മത്സരം തുടങ്ങിയവ സംഘടിപ്പിച്ച മരിച്ചു പോയ രാമദാസ് വൈദ്യർ മികച്ച അദ്ധ്യാപകനുള്ള അവാർഡ് കൊടുക്കാൻ തീരുമാനിച്ചൽ അത് തികച്ചും യോജിക്കുക നരേന്ദ്രൻ മാഷക്ക് തന്നെയായിരിക്കും.

പൂജയിലും പുരാണത്തിലും അവബോധമുള്ള വിശ്വൻ എന തൊണ്ട്‌ വിശ്വൻ ആയിരുന്നു മാഷുടെസന്തത സഹചാരി.രണ്ടു പേരും വാറ്റ്‌ അടിച്ചാൽ പിന്നെ പുരാണങ്ങളുടെശരി തെറ്റുകൾ പക്ഷം പിടിക്കൽ വാദ മുഖങ്ങൾ എന്നിവ പരിശോധിക്കലാണ്ഹോബി.

വീട്ടിൽ മുരുക പൂജക്കുള്ള പൂക്കൾ പറിക്കാൻ നിയുക്തനായ ഞാൻ മാഷുടെ സഹചാരി തൊണ്ട്‌ വിശ്വനെയും കൂട്ടി പൂക്കൾ പറിക്കാൻ പോവുന്ന നേരം വെട്ടിൽ പീടികയുടെ സമ്മർ സ്പെഷലായ മാങ്ങേന്റെ വെള്ളവുമടിച്ചു വരുന്ന മാഷുടെ മുന്നിൽ പെട്ടു.

'മിസ്റ്റർ സ്റ്റുഡന്റ്‌ കാൻ ഐ ജോയിൻ യുവർ മിഷൻ"
എന്നു ചോദിച്ചു ഞങ്ങളുടെ കൂടെ കൂടിയ മാഷ്‌ തച്ചോളി പാട്ടും വടക്കൻ പാട്ടും, പാടി ഞങ്ങളുടെ പൂ പറിക്കൽ സമ്പുഷ്ടമാക്കുന്നുണ്ടായിരുന്നു.പറമ്പത്തെ ചെമ്പകം പറിക്കുമ്പോൾ കിട്ടാത്ത ഒരു പൂവിനു വേണ്ടി തൊണ്ട്‌ വിശ്വൻ കഷ്ടപെടുമ്പോൾ മാഷ്‌ ഇടപെട്ടു

" ഞാൻ പറിച്ചു തരാം "

“വേണ്ട മാഷെ അഥവാ താഴെ വീണാൽ മുരിക്ക്‌ നിലത്ത്‌ വീണ് കിടക്കുന്നുണ്ട്‌ അതിനു മേലാ വീഴുക”.

“ ഇമ്മക്ക്‌ ആ പൂവ്‌ വേണ്ട "

തൊണ്ട്‌ വിശ്വൻ വിനയാന്വിതനായി. പക്ഷെ മാങ്ങെന്റെ വെള്ളത്തിന്റെ മാന്യത കാക്കാനെന്ന പോലെ മാഷ്‌ ഊർജ്ജസ്വലനായി ചെമ്പകത്തിൻ മേൽ കയറാൻ തുടങ്ങി പക്ഷെ ആ മാന്യതയൊന്നും ചെമ്പകം കാണിച്ചില്ല സ്വതവെ ദുർബലനായ ഇന്ദ്രൻസിനെ പോലെയുള്ള ചെമ്പകം തഥൈവ ............... കൂടെ മാഷും തൊണ്ട്‌ വിശ്വൻ പറഞ്ഞത്‌ അച്ചട്ടായത്‌ പോലെ മാഷ്‌ കൃത്യം പറമ്പത്ത്‌ നമ്പ്യാരുടെ മോൾക്ക്‌ കല്യാണത്തിന് കട്ടിലുണ്ടാക്കാൻ വെട്ടിയിട്ട കരിമുരിക്കെന്ന് ഞങ്ങൾ വിളിക്കുന്ന മുള്ളു മുരികിൽ തന്നെ . വലിയൊലർച്ച പ്രതീക്ഷിച്ച എന്നെയും തൊണ്ട്‌ വിശ്വനെയും തികച്ചും നിരാശനാക്കി, കൂടാതെ അവിശ്വസിപ്പിച്ചു കൊണ്ടും ദേഹം മുഴുവൻ മുള്ളുകൾ തറച്ചു ഭീഷ്മമർ ശരശയ്യെയിലെന്നപോലെ ശയിക്കുന്ന ചിന്താമഗ്നനായ മാഷെയാണു പെട്ടന്നു തന്നെ കൊള്ളു വഴി താഴെയിറങ്ങിയ ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്‌.

" എടാ തൊണ്ട്‌ വിശ്വാ ? "
മാഷ്‌ മൗനം മുറിച്ചു ചമ്മൽ അഡ്ജസ്റ്റ് ചെയ്തു കൊണ്ട്‌ വിളിച്ചു.

“ ഇനിക്കറിയാവോ ഇമ്മളെ ഭീഷ്മരെ ?“


“പിന്നെ അറിയാവോന്നോ ഇമ്മളെ അമ്പ് കിടക്കയാക്കിയ ഓറെയല്ലെ മഹാബാരതത്തിലെ . അറിയവോളി“


തൊണ്ട് വിശ്വൻ വിനീത ശിഷ്യനായി.

"ഞാൻ ഹനുമാൻ ബാലെന്റെ അരക്കുപ്പി മാങ്ങാന്റെ വെള്ളമടിച്ചു എന്നിട്ട്‌ എനിക്കീ മുരിക്കും മുള്ളിന്റെ വേദന സഹിക്കുവാൻ കഴിയുന്നില്ല, ഞാൻ ആലോചിക്കുവാ ?

ഒന്നു നിർത്തി മാഷ്‌ പിന്നെയും തുടങ്ങി." നമ്മുടെ ഭീഷ്മരില്ലെ അയാൾ എത്ര കുപ്പി മാങ്ങേന്റെ വെള്ളമടിച്ചിട്ടുണ്ടാവും ഈ ശരശയ്യയിൽ കിടക്കാൻ?".


ഗുരുബ്രഹ്മമെ നമഹ ????????????