മാഹിഷ്മതി
Sunday, May 9, 2021
Friday, August 21, 2009
തോട്ടു വരമ്പിലൂടെ
വീണ്ടും ഒരിക്കൽ കൂടി ആ വഴി നടക്കാൻ ഒരു മോഹമുണർന്നു.ഏഴുകൊല്ലങ്ങൾ പതിവായി നടന്ന തോട്ടു വരമ്പിലൂടെ എന്റെ പുഴയുടെ ധമനി തന്നെയായ ആ വലിയ തോടിന്റെ കരകളിലൂടെ. കുടവയർ ചാടുന്ന എന്ന വീട്ടുകാരിയുടെ പതിവു പല്ലവി കാരണം ബൈക്ക് ഉപേക്ഷിച്ചിട്ട് നാൾ ഏറെയായി എങ്കിലും നീണ്ട 15 വർഷം നാട്ടുകാരെ സേവിച്ചു പെൻഷൻ പറ്റിയ ജീപ്പും, ഒന്നാം പിറന്നാൾ ഈയിടെ ആഘോഷിച്ച കാറും വീട്ടിലിരിക്കുമ്പോൾ എങ്ങിനെ നടക്കാനാണ്. എങ്കിലും ഇന്ന് എന്റെ ഓർമ്മകളിലൂടെ ഗൃഹതുരത്വമുണർത്തുന്ന വഴികളിലൂടെ ഒന്നു ഊളിയിട്ടിറങ്ങാൻ കഴിഞ്ഞു . പണ്ടു കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ബസ്സും , ജീപ്പും,മറ്റു വാഹനങ്ങളൊന്നും വരാതിരുന്ന ആപഴയ ഓണം വരാകാലത്ത് പട്ടണം പുൽകാൻ ഉപയോഗിച്ചിരുന്ന ആ വയൽ വരമ്പിലൂടെ നടക്കാൻ കൊതിച്ചിരുന്നെങ്കിലും......
അധ്യയനത്തിന്റെ ഭാഗമായ ക്ലസ്റ്റർ മീറ്റിങ്ങ് ആ സ്കൂളിൽ നടക്കുന്നു എന്നു കേട്ടപ്പോൾ തന്നെ നിനച്ചതാണ് ആ വഴികളിലൂടെയാവണം യാത്ര എന്ന്.കരിമ്പും പുളിയച്ചാറും തിന്ന് അമ്മയുടെ കൈയും പിടിച്ച് കളിക്കളത്തിലെ ഒരു കുന്നു സ്വപനങ്ങളും കിനാ കണ്ട് നടന്ന വഴികൾ ആകെ മാറിയിരിക്കുന്നു. പച്ച ചേല ചുറ്റിയ വയലുകളുടെ ഹരിതാഭ ഭംഗി മുറിച്ചു കൊണ്ട് വീടുകൾ തലയുയർത്തിയിരിക്കുന്നു,മാനത്തു കണ്ണിയും,ചേർമീനും പുളഞ്ഞ തോടുകൾ മെലിഞ്ഞിരിക്കുന്നു ഓർമ്മകളുടെ ശൈശവം.പ്രീ ഡിഗ്രി കാലത്ത് സിഗരറ്റു വലി പരിശീലിക്കുന്ന ആൾ പാർപ്പില്ലാത്ത വഴികളിൽ ഇന്ന് പടർന്ന വീടുകൾ .
പ്രീ ഡിഗ്രി പ്രണയത്തിന്റെ അവസാന കാലത്ത് .ഒരു ചുംബനത്തിനു ഞാനും അവളും കൊതിച്ച കുംഭ മാസത്തിൽ പടർന്നു പന്തലിച്ച് പുഞ്ച കൃഷിയുടെ പച്ചപ്പിനോട് പുണർന്നു നിൽക്കുന്ന ആ മാവിന്റെ ചുവട്ടിൽ ആ നായരു കുട്ടിയെ നെഞ്ചോട് ചേർത്തു പുണരുമ്പോൾ , നെറ്റിയിലെ കളഭക്കുറി വിയർപ്പിൽ അലിഞ്ഞ് കഴുത്തിലൂടെ കിനിഞ്ഞിറങ്ങി മാറിടത്തിലൂടെ അപ്രത്യക്ഷമാകുന്ന ആ കാഴ്ച കണ്ട് കുസൃതിയോടെ കണ്ണിൽ നോക്കിയ ആ മാവിൻ ചുവട് അപ്രത്യക്ഷം.ഒടുവിൽ ഒരു ചുമ്പനവുമായി മടങ്ങുന്ന നിർവൃതിക്കെനി വരമ്പുകളില്ല യന്ത്ര തുമ്പിക്കൈകൾ കോരിയിട്ട മൺ കൂനകൾ മനസ്സിനെ വല്ലാതെ വരട്ടികളയുന്നു. വേണ്ടായിരുന്നു ഈ വഴി വരാതിരുന്നെങ്കിൽ ഓർമ്മകളിലെങ്കിലും എനിക്കാ പ്രണയവും ബാല്യവും നഷ്ടമാകില്ലായിരുന്നു.
Subscribe to:
Posts (Atom)