Sunday, March 29, 2009

വെട്ടിൽ പീടികയിലെ മാഷന്മാർ

വെട്ടിൽ പീടികയിൽ ഇപ്പോൾ ചൊവ്വാ പുഴയിൽ നിന്നും പിടിക്കുന്ന പുഴമീൻ കുറവാണെങ്കിലും മാഷന്മാർക്ക്‌ ഒരു കുറവുമില്ല,എൽ.ഐ.സി നടത്തുന്ന കരീം മാഷും,ഐ.സി.ഐ.സി. എജന്റ്‌ മാഷ്‌ ശശാങ്കനും,സിമന്റ്‌ കട്ട വിത്ത്‌ ഇന്റർ ലോക്ക്‌ കചവടം നടത്തുന്ന മധു മാഷും ,പുഴ നികത്തി വീടെടുത്ത പുഴ സംരക്ഷണ സമിതി സിക്രട്ടറി മൂസ മാഷും,ഡിവിഷൻ തികക്കാൻ തോണിയിൽ നിറഞ്ഞൊഴുകുന്ന ചൊവ്വാ പുഴയിൽ കൂടി കുട്ടികളെ കൊണ്ട്‌ വന്ന് ജോലി സ്ഥിരത വന്നപ്പോൾ തന്റെ കുട്ടികളെ ഇഗ്ലീഷ്‌ മീഡിയത്തിൽ ഉപവിഷ്ഠനാക്കിയ അരവിന്ദൻ മാഷും.ആർ.എം.പി,ആംവെ,പൊട്ടിയ മറ്റനേകം നെറ്റ് വർക്ക് കണ്ണി മാഷന്മാരും നിറഞ്ഞ വെട്ടിൽ പീടിക ഇന്ന് മാഷന്മാരുടെ കാര്യത്തിൽ സ്വയം പര്യാപ്തമാണ്‌.

താഴെ പറമ്പത്ത്‌ നരേന്ദ്രൻ എന്ന എന്റെ ഗുരുനാഥനും കൂടിയായ നരേന്ദ്രൻ മാഷ്‌ എന്നാൽ വെട്ടിൽ പീടികയിലെ ജനങ്ങളുടെ ഇടയിൽ ഗജപോക്കിരി, വകക്കു കൊള്ളാത്ത ഒരു മാഷ് , കള്ളുകുടിയൻ എന്നീ പട്ടങ്ങൾ അലങ്കരിക്കുന്നു .പക്ഷെ എനിക്കും സന്തത സഹചാരിയായ സുഹൃത്തിനും നരേന്ദ്രൻ മാഷ്‌ വളരെ പ്രിയപ്പെട്ട മാഷ്‌ ആയിരുന്നു ,പുരാണത്തിലും കവിതയിലും ഇൻഗ്ലീഷിലും, കൂടാതെ ക്ലാസിൽ കാല്പനികതയുടെ വാങ്മയചിത്രങ്ങൾ വിരിയിച്ചുകൊണ്ടിരുന്ന മാഷ്‌ എനിക്കും സുഹൃത്തിനും ഒരു അൽഭുതമായിരുന്നു.ഹനുമാൻ ബാലന്റെ വാറ്റടിച്ചാൽ മാഷ്‌ പുരാണങ്ങളുടെയും മിത്തുകളുടെയും ചരിത്രത്തിന്റെയും വിളനിലമായിരുന്നു.നാലാം ക്ലാസിൽ "മലരിണിക്കാടുകൾ തിങ്ങിവിങ്ങി മരതക കാന്തിയിയിൽ മുങ്ങി മുങ്ങി" എന്ന കവിത ചൊല്ലി കവിയെയും രമണെനേയും ചന്ദ്രികയും,ഇടപ്പള്ളിയെയും കുറിച്ച്‌ വാചാലനായ നരേന്ദ്രൻ മാഷിൽ നിന്നാൺ ഞാനും സുഹൃത്തും പ്രണയത്തിന്റെ തരിപ്പ് അറിയുന്നത്‌ , പറമ്പത്ത്‌ കണാരൻ ആടിനെ തീറ്റിക്കുന്ന പാറപ്പുറം ,രജീഷിനു രമണൻ ആടു മേക്കുന്ന കുന്നിൻ ചെരിവായും ,തൂണൂറക്കുന്ന് നാരാണത്ത്‌ ഭ്രാന്തൻ കല്ലുരുട്ടുന്ന കുന്നായി എനിക്കു തോന്നിച്ചതും നരേന്ദ്രന്മാഷ്‌ തന്നെ .എന്നാൽ പരിഷത്ത് മെമ്പറായി, കവിത പാടി,ആളുകളുടെ ഇടയിൽ നിന്ന് അരിയറിന്റെയും,ഡി.എ.ഗഡുവിന്റെയും കാര്യം വായിട്ടലക്കുന്ന മാഷൻ മാർക്കും, തങ്ങളുടെ ബോധനസിദ്ധി കൊണ്ടും അപാരമായ കഴിവുകൊണ്ടും സ്കൂളിലെ ഡിവിഷൻ കുറച്ച് സർക്കാറിന്റെ കാരുണ്യത്താൽ എസ്സ് .എസ്സ് .എ. യിൽ കയറി മാഷൻ മാരെ ബോധവാന്മാരാക്കുന്നതിൽ നിർവ്വൃതി കൊള്ളുന്ന ചില അവസര പക്ഷ മാഷന്മാർക്ക്‌ നാരേന്ദ്രൻ മാഷ്‌ കുലംകുത്തിയാണെങ്കിലുംജന്മനാ ഇടതുപക്ഷക്കാരെങ്കിലുംകുറച്ചു ചിന്തിക്കുന്ന കൂട്ടത്തിൽ പെടുന്നു എന്നു സ്വയം കരുതുന്ന ഞാനും രജീഷും മാഷുടെ പക്ഷത്തു തന്നെ.നമ്മുടെ കോഴിക്കോട്ടുകാരനായ, തെങ്ങു കയറ്റ കോളേജ് ,വിരൂപ റാണി മത്സരം തുടങ്ങിയവ സംഘടിപ്പിച്ച മരിച്ചു പോയ രാമദാസ് വൈദ്യർ മികച്ച അദ്ധ്യാപകനുള്ള അവാർഡ് കൊടുക്കാൻ തീരുമാനിച്ചൽ അത് തികച്ചും യോജിക്കുക നരേന്ദ്രൻ മാഷക്ക് തന്നെയായിരിക്കും.

പൂജയിലും പുരാണത്തിലും അവബോധമുള്ള വിശ്വൻ എന തൊണ്ട്‌ വിശ്വൻ ആയിരുന്നു മാഷുടെസന്തത സഹചാരി.രണ്ടു പേരും വാറ്റ്‌ അടിച്ചാൽ പിന്നെ പുരാണങ്ങളുടെശരി തെറ്റുകൾ പക്ഷം പിടിക്കൽ വാദ മുഖങ്ങൾ എന്നിവ പരിശോധിക്കലാണ്ഹോബി.

വീട്ടിൽ മുരുക പൂജക്കുള്ള പൂക്കൾ പറിക്കാൻ നിയുക്തനായ ഞാൻ മാഷുടെ സഹചാരി തൊണ്ട്‌ വിശ്വനെയും കൂട്ടി പൂക്കൾ പറിക്കാൻ പോവുന്ന നേരം വെട്ടിൽ പീടികയുടെ സമ്മർ സ്പെഷലായ മാങ്ങേന്റെ വെള്ളവുമടിച്ചു വരുന്ന മാഷുടെ മുന്നിൽ പെട്ടു.

'മിസ്റ്റർ സ്റ്റുഡന്റ്‌ കാൻ ഐ ജോയിൻ യുവർ മിഷൻ"
എന്നു ചോദിച്ചു ഞങ്ങളുടെ കൂടെ കൂടിയ മാഷ്‌ തച്ചോളി പാട്ടും വടക്കൻ പാട്ടും, പാടി ഞങ്ങളുടെ പൂ പറിക്കൽ സമ്പുഷ്ടമാക്കുന്നുണ്ടായിരുന്നു.പറമ്പത്തെ ചെമ്പകം പറിക്കുമ്പോൾ കിട്ടാത്ത ഒരു പൂവിനു വേണ്ടി തൊണ്ട്‌ വിശ്വൻ കഷ്ടപെടുമ്പോൾ മാഷ്‌ ഇടപെട്ടു

" ഞാൻ പറിച്ചു തരാം "

“വേണ്ട മാഷെ അഥവാ താഴെ വീണാൽ മുരിക്ക്‌ നിലത്ത്‌ വീണ് കിടക്കുന്നുണ്ട്‌ അതിനു മേലാ വീഴുക”.

“ ഇമ്മക്ക്‌ ആ പൂവ്‌ വേണ്ട "

തൊണ്ട്‌ വിശ്വൻ വിനയാന്വിതനായി. പക്ഷെ മാങ്ങെന്റെ വെള്ളത്തിന്റെ മാന്യത കാക്കാനെന്ന പോലെ മാഷ്‌ ഊർജ്ജസ്വലനായി ചെമ്പകത്തിൻ മേൽ കയറാൻ തുടങ്ങി പക്ഷെ ആ മാന്യതയൊന്നും ചെമ്പകം കാണിച്ചില്ല സ്വതവെ ദുർബലനായ ഇന്ദ്രൻസിനെ പോലെയുള്ള ചെമ്പകം തഥൈവ ............... കൂടെ മാഷും തൊണ്ട്‌ വിശ്വൻ പറഞ്ഞത്‌ അച്ചട്ടായത്‌ പോലെ മാഷ്‌ കൃത്യം പറമ്പത്ത്‌ നമ്പ്യാരുടെ മോൾക്ക്‌ കല്യാണത്തിന് കട്ടിലുണ്ടാക്കാൻ വെട്ടിയിട്ട കരിമുരിക്കെന്ന് ഞങ്ങൾ വിളിക്കുന്ന മുള്ളു മുരികിൽ തന്നെ . വലിയൊലർച്ച പ്രതീക്ഷിച്ച എന്നെയും തൊണ്ട്‌ വിശ്വനെയും തികച്ചും നിരാശനാക്കി, കൂടാതെ അവിശ്വസിപ്പിച്ചു കൊണ്ടും ദേഹം മുഴുവൻ മുള്ളുകൾ തറച്ചു ഭീഷ്മമർ ശരശയ്യെയിലെന്നപോലെ ശയിക്കുന്ന ചിന്താമഗ്നനായ മാഷെയാണു പെട്ടന്നു തന്നെ കൊള്ളു വഴി താഴെയിറങ്ങിയ ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്‌.

" എടാ തൊണ്ട്‌ വിശ്വാ ? "
മാഷ്‌ മൗനം മുറിച്ചു ചമ്മൽ അഡ്ജസ്റ്റ് ചെയ്തു കൊണ്ട്‌ വിളിച്ചു.

“ ഇനിക്കറിയാവോ ഇമ്മളെ ഭീഷ്മരെ ?“


“പിന്നെ അറിയാവോന്നോ ഇമ്മളെ അമ്പ് കിടക്കയാക്കിയ ഓറെയല്ലെ മഹാബാരതത്തിലെ . അറിയവോളി“


തൊണ്ട് വിശ്വൻ വിനീത ശിഷ്യനായി.

"ഞാൻ ഹനുമാൻ ബാലെന്റെ അരക്കുപ്പി മാങ്ങാന്റെ വെള്ളമടിച്ചു എന്നിട്ട്‌ എനിക്കീ മുരിക്കും മുള്ളിന്റെ വേദന സഹിക്കുവാൻ കഴിയുന്നില്ല, ഞാൻ ആലോചിക്കുവാ ?

ഒന്നു നിർത്തി മാഷ്‌ പിന്നെയും തുടങ്ങി.



" നമ്മുടെ ഭീഷ്മരില്ലെ അയാൾ എത്ര കുപ്പി മാങ്ങേന്റെ വെള്ളമടിച്ചിട്ടുണ്ടാവും ഈ ശരശയ്യയിൽ കിടക്കാൻ?".


ഗുരുബ്രഹ്മമെ നമഹ ????????????

Tuesday, December 9, 2008

പ്രവാസത്തിന്റെ ...ബലിമൃഗങ്ങള്‍


രാഘവേട്ടൻ നീണ്ട പ്രവാസത്തിനു ശേഷം മടങ്ങി വരികയാണ്‌.നാളെയോ? മറ്റന്നാളോ ? അതിനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു .ആദ്യകാല ജനകീയ വെട്ടിൽ പീടിക പ്രവാസി എന്ന വിശേഷണത്തിന്‌ തികച്ചും അനുയോജ്യൻ .എന്റെ സതീർത്ഥ്യന്റെ അച്ഛൻ കൂടാതെ .നാട്ടുകാരെ പട്ടണവുമായി ബന്ധിപ്പിച്ച പഴയ സാരഥി




ഏതൊരു നാട്ടിൻ പുറത്തു കാരെ പോലെയും ഗൾഫിൽ പോകുന്ന എടവലക്കാരെയും(അയൽ വക്കം )ഞങ്ങൾ പ്രതീക്ഷയോടെ നോക്കും അതുപോലെതന്നെ ഞങ്ങൾ രാഘവേട്ടനെയും കണ്ടു എനിക്ക്‌ എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ഒരു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ യാത്ര പറഞ്ഞിറങ്ങിപ്പോയി പിറ്റേന്ന്` കളിപ്പന്തലിൽ വെച്ച്‌ മണ്ണപ്പം ചുടുമ്പോഴോ അതോ പുളിയിലക്കൂട്ടാൻ വിളമ്പുമ്പോഴോ എപ്പോഴാണെന്നറിയില്ല കളിക്കൂട്ടുകാരിയായ സിന്ധുവിന്റെ ഒരു ചോദ്യം കേട്ടു ।" ഇന്റെ അച്ചൻ ബെരുമ്പം എനക്ക്‌ ഇഞ്ഞി ഒരു ബോൾ പെന്ന് തരണം, " ബോൾ പെന്ന് വെട്ടിൽ പീടിക്കാർക്ക്‌ ഒരു ഗൾഫ്‌ ഉൽപന്നം മാത്രമായി തോന്നിയ ആ പഴയ കാലം.ആ സമയത്ത്‌ ഒരു ഒൻപത്‌ വയസ്സുകാരനും തോന്നാത്ത ഒരു കാര്യം എന്റെ മനസ്സിൽ തോന്നിച്ചു .രാഘാവേട്ടൻ ഗൾഫിൽ എത്തിയാൽ പൈസക്കാരനാവണമെന്ന് ഉറപ്പുണ്ടോ? ഏതു ബാഹ്യ ശക്തിയാണ്‌ ആ ചിന്ത എന്റെ മനസ്സിൽ ഉയർത്തി വിട്ടത്‌.ബഹറിനിൽ പോയ അന്ദ്രുമാൻ വെരും കൈയ്യോടെ മൂന്നു പെണ്മക്കളുടെ നിറമുള്ള സ്വപ്നങ്ങൾ തച്ചുടച്ച്‌ തിരിച്ചുവന്ന വാർത്ത വീട്ടുകാരുടെ പരദൂഷണ വട്ടങ്ങളിൽ നിന്നറിഞ്ഞ വിവരം വെച്ചോ ? ഏതായാലും രാഘവേട്ടൻ ആദ്യ തിരിച്ചുവരവ്‌ കെങ്കേമമായി തന്നെ വന്നു നാട്ടുകാർക്ക്‌ മുഴുവൻ തന്നെ ഗൽഫു തുണിയുടെ ചൂര്‌ സ്വന്തം വസ്ത്രങ്ങളിൽ തന്നെ അനുഭവിക്കാനായി പ്രായാധിക്യക്കാർ നൂറിന്റെ നോട്ടിന്റെ പുതുമണം അറിഞ്ഞു മുതിർന്ന പുരുഷ ബൻഡുക്കളും പഴയ സതീർത്ഥ്യരും ജോണിവാക്കറിന്റെ കടുപ്പം രുചിച്ചു.സിന്ധുവിന്‌ പെന്ന്‌ കൊടുത്തോ ആവോ? അവൾ ബോൾ പെന്നിന്റെ സ്വപ്നങ്ങളിൽ നിന്നും ഏറെ വളർന്നിരുന്നു ആ തിരിച്ചു വരവിന്റെ കാലത്ത്‌।ചോദിക്കാനും പറ്റിയില്ല വളർച്ചയുടെ ചുവപ്പിനുമപ്പുറം എന്തൊക്കെയോ വിലക്കുകളിൽ അവൾ പിന്നെ ഞങ്ങളുടെ കൂട്ടത്തിലും ഞങ്ങളുടെ കളികൾക്കും വന്നില്ല।







പിന്നെയും വന്നും പോയും രാഘവേട്ടൻ ഞങ്ങൾക്ക്‌ കൂടുതൽ അടുപ്പമായി ആദ്യ വരവുകളിൽ കുപ്പായ തുണിയും പെന്നുകളും സമ്മാനമായി കിട്ടിയ എനിക്കും സതീർത്ഥ്യനും പിന്നീട്‌ വറ്റ്‌ 69 നും ടക്കീലാ സോസവും കാഴ്ച വച്ചു കൂടെ അദ്ദേഹത്തിന്റെ സുഹൃത്തായ മാഷെയും।മാഷ്‌ പിന്നെ ഞങ്ങളുടെ ഒരു ഒഴിക്കാൻ പറ്റാത്ത ഒരു കോറം ആയി।






ഒരിക്കലും അദ്ദേഹത്തിന്റെ വായിൽ നിന്ന് ഗൃഹാതുരത്ത്വം എന്നോ നാടിന്റെ ശുദ്ധി എന്നോ നാട്‌ മിസ്സ്‌ ചെയ്യുന്നു എന്നോ ? കൂടാതെ അറബി നാടിന്റെ വങ്കത്തരങ്ങൾ , ബുദ്ധി മുട്ടുകൾ ,ഒന്നും പുറത്തു ചാടിയില്ല പകരം രണ്ടു പെണ്മക്കളെയും നല്ല നിലയിൽ കെട്ടിച്ചയച്ചു മകനെ പ്രവാസിയാക്കാതിരിക്കാൻ ആവതു ശ്രമിച്ചു പക്ഷെ സമ്മർദ്ദങ്ങളിൽ അദ്ദേഹം പെട്ടു പോയിരാഘവേട്ടന്റെ മകൻ എന്റെ സതീർത്ഥ്യൻ പ്രവാസത്തിന്റെ അഞ്ചാം മാസക്കാരൻ അവിടെ സർക്കാറിന്റെ നൂലാമാലകൾ അഴിഞ്ഞു കിട്ടാൻ വേണ്ടി ഒരാഴ്ചയായി കാത്തിരിക്കുന്നു അതും ഒറ്റയ്ക്ക്‌।






ഇതിനിടയ്ക്കും നിയോ ലിബറൽ പ്രവാസികൾ ദിനാറുകള്‍രൂപയായി കൺ വേർട്ടു ചെയ്യുമ്പോൾ ഒരിക്കലും സ്വപനം കാണാൻ കഴിയാത്ത പൂജ്യങ്ങൾ അക്കങ്ങളുടെ കൂടെ ചേരുമ്പോൾ നാടിനെയും വീട്ടുകാരെയും ടി ।വി ചാനലിലെ സ്പോൺസേർഡ്‌ പരിപാടികളിലൂടെ ഓർക്കാം,അതിനപ്പുറമൊന്നും മലയാളി ധൈര്യപെടില്ല ।കൂടിപ്പോയൽ ചില അധര വ്യായാമങ്ങൾ “ പ്രവാസം അതി ഭയങ്കരം” । " ചാനലിലൂടെ തുഞ്ചന്റെ തത്തയെ കൊന്ന ആങ്കറോട്‌ കൊഞ്ചുന്നു " ഭയങ്കരമായി നാട്‌ മിസ്സ്‌ ചെയ്യണൂൂൂൂൂൂ" ഇവർക്ക്‌ നാട്ടിൽ വരുമ്പോഴല്ലേ ഈ നാക്ക്‌ നിവരുന്നുള്ളൂ । അവിടെ പണം കായ്ക്കുന്ന മരങ്ങൾ ഉപേക്ഷിക്കാൻ മനസ്സു / (ഭാര്യ ) സമ്മതിക്കുന്നില്ല ।രാഘവേട്ടനു ഒരിക്കലും നാട്‌ മിസ്‌ ചെയ്തില്ല്ല കാരണം മൂന്ന് കുട്ടികൾക്ക്‌ ഭക്ഷണം വേണം ഒരു ചോരാത്ത കൂര വേണം പെണ്മക്കളെ കഴിവുള്ളവനും കാര്യശേഷിയുള്ളവനു കൈപിടിച്ചേൽപ്പിക്കണം നാട്ടിൽ വന്നു കൊച്ചു മക്കളെ കൊതി തീരെ കളിപ്പിക്കണം ഊർമ്മിളയെ പോലെ സ്വയം ഏറ്റുവാങ്ങിയ വൈധവ്യം തീർത്തു ഭാര്യയെ ബാക്കിയുള്ള പകലുകളിൽ താങ്ങാവണം മക്കള്‍ക്ക് താന്‍ നഷ്ടപെടുത്തിയ സ്നേഹം കൊച്ചുമക്കള്‍ക്കായി പകുക്കണം എന്നൊക്കെ ഏതൊരു മജ്ജയും മാംസവും ഉള്ള രാഘവേട്ടന്മാരും വിചാരിക്കുന്നതെ അദ്ദേഹവും കരുതിയുള്ളൂ। ഇതിപ്പൊ?






രാവിലെ എന്നെ വിളിച്ചിരുന്നു കൂട്ടുകാരൻ.... ചിലപ്പോൾ നാളെ വരുമായിരികും ।അനുവാദ പത്രങ്ങൾ ശരിയാക്കുന്ന ശ്രമത്തിലാണ്‌ ബലി പെരുന്നാളിന്റെ അവധി ,പിന്നെ അറബി ഹജ്ജിന്‌ പോയിരിക്കുകയാണ്‌ അതുമൂലമാണ്‌ ഇത്ര വൈകുന്നത്‌ ।പിന്നെ.....ഇവിടെ വന്നിട് " വാക്കുകളും മോഹങ്ങളും തെറ്റി"" ചിലപ്പോൾ പരിചയമൊട്ടുമില്ലാത്ത പൊരുത്തപ്പെടനാവാത്ത മോർച്ചറിയുടെ കൂടിയ തണുപ്പുള്ള അറയിൽ നിന്നും രാഘവേട്ടൻ ചിലപ്പോൾ ഇങ്ങനെയും ചിന്തിക്കുന്നുണ്ടാവാം ।നുകം ഒട്ടും തഴമ്പിക്കാത്ത ചുമലിൽ ഏറ്റു വാങ്ങിയ മകൻ അതിന്റെ നൊമ്പരം കാണാതെ ............... ഇതുവരെ ഒന്നും അറിയാതെ വീട്ടിൽ ത്രിസന്‍ഡ്യക്ക്‌ വിളക്കു കൊളുത്തുകയും സീരിയൽ കാണുകയും ചെയ്യുന്ന പടർപ്പുകളെ ഓർത്തു “ ഡാവെ ഇ ആന്റ്‌ മി ”കമ്പനിയുടെ താമസ സൗകര്യങ്ങളിൽ ഏതോ ഒന്നിൽ നീറി പുകയുന്നു അടുത്ത തല മുറക്കു വേണ്ടി॥ഇതല്ലെ ഗൃഹാതുരത്ത്വം അല്ലാതെ വീർത്ത കീശയും കാണിച്ചു തുമ്പ പൂവും അന്വേഷിച്ചു പോകുന്ന മലയാളിപ്രവാസിയുടെ കോളയുടെ രുചിയുള്ള ചുണ്ടിൽ നിന്നും വാക്കിനു പത്തു കണക്കെ വീഴുന്ന വ്യാജനോ ഭൂമിയുടെ ഉപ്പുള്ളത്‌।